കൊച്ചി: 2006 ലെ ത്രില്ലര്‍ ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് 'ഹണ്ട്'. കരിയറില്‍ ഒരുപാട് അംഗീകാരം നേടിതന്നൊരു സിനിമയാണ് ചിന്താമണിയെന്ന് പറയുകയാണ് ഭാവന. നടിയെന്ന നിലയില്‍ ഭാവനക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തത് ഈ സിനിമയായിരുന്നു. ഈ സിനിമയെ കുറിച്ച് പറയാന്‍ ഭാവനക്ക് ഇപ്പോഴും ഏറെയുണ്ട്.

'അന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന പതിവൊന്നുമില്ല. ഷാജി സാറിന്റെ ഒരു പടമുണ്ടെന്നാണ് വിളിച്ച് പറയുന്നത്. കേട്ടപ്പോള്‍ നല്ല പ്രോജക്ട്, അങ്ങനെയാണ് ചിന്താമണിയിലേക്ക് വരുന്നത്. പേടിച്ചാണ് സെറ്റില്‍ ചെന്നതെങ്കിലും ആദ്യദിനം തന്നെ ഷാജി സാര്‍ കംഫര്‍ട്ടാക്കി'-ഭാവന പറയുന്നു

18 വര്‍ഷത്തെ ഇടവേളയൊന്നും ഷാജികൈലാസിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഫീല്‍ ചെയ്തിട്ടില്ലെന്നും ഭാവന പറയുന്നു. സിനിമയിലെത്തി 20 വര്‍ഷം പിന്നിടുമ്പോള്‍ തോന്നുന്നത് സമ്മിശ്ര വികാരങ്ങളാണെന്നും നൂറ് ശതമാനം സംതൃപ്തിയോ എന്തെങ്കിലുമൊക്കെ നേടിയെന്നോ ഇന്നേ വരെ തോന്നിയിട്ടില്ലെന്നും ഭാവന പറയുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഹണ്ടലെ നായകയാണ് ഭാവന. ഓഗസ്റ്റ് 23 മുതല്‍ ആഗോള തലത്തില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കാനൊരുങ്ങുകയാണ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ഭാവനയുടെ വേഷം ഡോക്ടര്‍കീര്‍ത്തി എന്ന കഥാപാത്രമാണ്.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസര്‍, പോസ്റ്ററുകള്‍ എന്നിവ തരുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അദിതി രവി, രണ്‍ജി പണിക്കര്‍, അനു മോഹന്‍, ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

നിഖില്‍ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജാക്‌സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ടോളര്‍- സഞ്ജു ജെ ഷാജി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍, കലാസംവിധാനം- ബോബന്‍, ഗാനങ്ങള്‍- സന്തോഷ് വര്‍മ, മേക്കപ്പ്- പി വി ശങ്കര്‍, കോസ്റ്റ്യും ഡിസൈന്‍- ലിജി പ്രേമന്‍, ഓഫീസ് നിര്‍വഹണം- ദില്ലി ഗോപന്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പിആര്‍ഒ ശബരി.