ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ 'ബൈസൺ കാലമാടൻ' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയറ്ററുകളിലെത്തിയ സ്പോർട്സ് ആക്ഷൻ ചിത്രം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 35 കോടി രൂപ കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു.

ചിത്രത്തിൻ്റെ കളക്ഷനിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. സിനിട്രാക്കിൻ്റെ കണക്കുകൾ പ്രകാരം, ചിത്രത്തിൻ്റെ ഇന്ത്യൻ കളക്ഷൻ 27.9 കോടിയാണ്. തമിഴ്നാട്ടിൽ നിന്ന് മാത്രം 25.75 കോടി നേടാൻ ചിത്രത്തിന് സാധിച്ചു. തമിഴ്നാട്ടിൽ ശക്തമായ ഹോൾഡ് നിലനിർത്തുന്ന ചിത്രം സംസ്ഥാനത്ത് നിന്ന് മാത്രം 50 കോടി കളക്ഷൻ കടക്കുമെന്നാണ് സിനിട്രാക്കിൻ്റെ പ്രവചനം.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കളക്ഷനിലും ചിത്രം മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. കർണാടകയിൽ നിന്ന് 1.2 കോടിയും, കേരളത്തിൽ നിന്ന് 65 ലക്ഷവും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 30 ലക്ഷവുമാണ് ചിത്രം നേടിയത്.