കൊച്ചി: സംവിധാനം ചെയ്ത എട്ട് സിനിമകളില്‍ നാലെണ്ണത്തിന് പുരസ്‌കാരം ലഭിച്ചെന്ന് പറയുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സംവിധായകന്‍ ബ്ലെസി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച നടന്‍, ഛായാഗ്രഹകന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.ഈ പുരസ്‌കാരങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പുരസ്‌കാരമാണ്. മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലിനെ പരിഗണിച്ചതാണ് ഈ പുരസ്‌കാരങ്ങളില്‍ ഏറ്റവും മനോഹരമായിട്ടും സന്തോഷമായിട്ടും തോന്നുന്നത്.

അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ 'ആടുജീവിതം' വാരിക്കൂട്ടിയത് ഒമ്പത് പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകന്‍- ബ്ലെസി, മികച്ച നടന്‍- പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി, ശബ്ദമിശ്രണം- റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, ഛായാഗ്രഹണം- സുനില്‍ കെഎസ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടിയെടുത്തത്. പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.

ലഭിച്ച ഓരോ അവാര്‍ഡും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.'ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ് ഞാന്‍ ഏറ്റവും സന്തോഷിക്കുന്നത്. പടം തീയേറ്ററിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ചിത്രത്തിന് നല്‍കിയ സ്നേഹമാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇപ്പോള്‍ ഇങ്ങനെ അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ വലിയ സന്തോഷം. എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞു.