- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല'; സിനിമ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് ബ്ലെസി
ആടുജീവിതം എന്ന ചിത്രം സൗദി ജനതയെ അവഹേളിക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ബ്ലെസി. സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് ബ്ലെസി അഭ്യര്‍ത്ഥിച്ചു. ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബ്ലെസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്ഞു. സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണം. ഈ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളിലൂടെയോ അസത്യ പ്രസ്താവനകളിലൂടെയോ സാമൂഹിക […]
ആടുജീവിതം എന്ന ചിത്രം സൗദി ജനതയെ അവഹേളിക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ബ്ലെസി. സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് ബ്ലെസി അഭ്യര്‍ത്ഥിച്ചു. ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബ്ലെസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്ഞു. സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണം. ഈ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളിലൂടെയോ അസത്യ പ്രസ്താവനകളിലൂടെയോ സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള വിവിധ ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നും ബ്ലെസി പറയുന്നു.
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ബെന്യാമിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മലയാള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം എന്ന ആമുഖത്തോടെയാണ് ബ്ലെസിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ നോവല്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയുമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ വളരെ ശ്രദ്ധാപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. മരുഭൂമിയില്‍ നിന്ന് തന്നെ രക്ഷിച്ച ഇബ്രാഹിം ഖദ്രിയുടെ രൂപത്തിലും റോള്‍സ് റോയ്സില്‍ വന്ന കുലീനനും ധനികനുമായ അറബിയുടെ രൂപത്തിലും നജീബ് ദൈവത്തെ കണ്ടു. നജീബിന്റെ വിശ്വാസമോ മതമോ മാതൃരാജ്യമോ നോക്കാതെയാണ് അവര്‍ അവന്റെ മോശം അവസ്ഥയില്‍ നിന്ന് അവനെ രക്ഷിച്ചത്. സിനിമയിലുടനീളം ഈ സന്ദേശം വ്യക്തമായി അറിയിക്കുക മാത്രമായിരുന്നു എന്റെ മുഴുവന്‍ ശ്രമവും. ഒരു വ്യക്തിയുടെയും ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.
നജീബിനെ രക്ഷിച്ച് തന്റെ മനോഹരവും വിലകൂടിയതുമായ റോള്‍സ് റോയ്സില്‍ കൊണ്ടുപോയി വെള്ളം കൊടുക്കുകയും ഉറങ്ങാന്‍ അനുവദിക്കുകയും സഹായവും ആശ്വാസവും രക്ഷപ്പെടാനുള്ള വഴികളും ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് അവനെ കൊണ്ടുപോകുകയും ചെയ്യുന്ന ദയാലുവായ ഒരു മനുഷ്യന്റെ കഥാപാത്രത്തിലൂടെ അറബി ജനതയുടെ കരുണയും കാരുണ്യവും സത്യസന്ധമായി ചിത്രീകരിക്കാന്‍ സിനിമ ശ്രമിച്ചു. അയാളില്ലായിരുന്നെങ്കില്‍ നജീബ് മരിച്ചുപോകുമായിരുന്നു. റസ്റ്റോറന്റ് ജീവനക്കാരും തടങ്കല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവരും ചെക്ക്പോയിന്റ് ജീവനക്കാരും ദയയുടെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാതൃകകളായി അംഗീകരിക്കപ്പെട്ടു.
ഈ സിനിമയുടെ സംവിധായകന്‍, തിരക്കഥാകൃത്ത്, സിനിമ നിര്‍മിച്ച വിഷ്വല്‍ റൊമാന്‍സ് എന്ന കമ്പനിയുടെ ഉടമ എന്നീ നിലകളില്‍ ഈ സിനിമയുടെ നിര്‍മാണത്തില്‍ പൂര്‍ണ ഉത്തരവാദിത്തമുണ്ട്. കൂടാതെ യാതൊരുവിധത്തിലുള്ള പങ്കാളിത്തമോ പുറമേ നിന്നുള്ള വ്യക്തിയുടേയോ കമ്പനിയുടേയോ ഇടപെടലോ ഇല്ല.' ബ്ലെസി പറഞ്ഞു
സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടാതെ ഈ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളിലൂടെയോ അസത്യ പ്രസ്താവനകളിലൂടെയോ സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള വിവിധ ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ പ്രസ്താവന പുറപ്പെടുവിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ താന്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിലുമപ്പുറം എന്തെങ്കിലും ആരോപിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ജോര്‍ദാനി നടന്‍ ആകിഫ് നജം രണ്ടുദിവസം മുന്‍പ് ഖേദം പ്രകടിപ്പിച്ചിരുന്നു. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ സിനിമ പുറത്തുവന്നതോടെയാണ് യഥാര്‍ഥ കഥ മനസ്സിലായത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തില്‍ അഭിനയിച്ചതിന് ഒമാന്‍ നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.