കൊച്ചി: 'കാന്താര ചാപ്റ്റർ 1' ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് നാളെ ഉച്ചയ്ക്ക് 12.30 മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയ താരം ജയറാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജനീഷ് ലോക്നാഥ് സംഗീതവും അർവിന്ദ് എസ് ക്യാശ്യപ് ഛായാഗ്രഹണവും നിർവഹിക്കുന്നു. 'കാന്താര'യുടെ ആദ്യ ഭാഗത്തിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥയാണ് 'കാന്താര ചാപ്റ്റർ 1' പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ട്രെയിലറിൽ ദൃശ്യമായ ചരിത്രപരമായ കദംബ സാമ്രാജ്യത്തിന്റെ പുനഃസൃഷ്ടിയും ഗംഭീരമായ സെറ്റും പ്രേക്ഷക പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

ചിത്രത്തിന്റെ ട്രെയിലറുകൾ വിവിധ ഭാഷകളിലായി ബോളിവുഡ് നടൻ ഹൃതിക് റോഷൻ, 'ബാഹുബലി' താരം പ്രഭാസ്, ശിവകാർത്തികേയൻ തുടങ്ങിയ പ്രമുഖർ റിലീസ് ചെയ്തിരുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'കാന്താര'യുടെ ആദ്യ ഭാഗവും വലിയ വിജയമായിരുന്നു.