തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFK) 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും. സമൂഹത്തിലെ അനീതികൾക്കെതിരെ കലയെ ഒരു സമരായുധമാക്കുന്ന ധീരരായ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്ന ഈ പുരസ്കാരം, കറുത്തവർഗ്ഗക്കാരോടുള്ള വംശീയ മുൻവിധികളോട് കലഹിക്കുന്ന കെല്ലിയുടെ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ്. 2025 ഡിസംബർ 12 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേളയ്ക്ക് തിരി തെളിയുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഈ എട്ടു ദിവസത്തെ മേള ഡിസംബർ 19-ന് സമാപിക്കും. എഴുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള 200-ൽ അധികം ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കും. 30-ാമത് പതിപ്പായതിനാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് മുപ്പതോളം അധിക ചിത്രങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനാറ് തിയേറ്ററുകളിലായി നടക്കുന്ന പ്രദർശനത്തിനായി ഒരു തിയേറ്റർ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്. വിയറ്റ്നാം സിനിമകളാണ് ഈ വർഷത്തെ കൺട്രി ഫോക്കസ്.

അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന നിർഭയരായ വനിതാ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനായി 26-ാമത് ഐ.എഫ്.എഫ്.കെയിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. ഇറാൻ ഭരണകൂടത്തിന്റെ പീഡനങ്ങളെ അതിജീവിച്ച് അവകാശപ്പോരാട്ടം തുടരുന്ന മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന വനൂരി കഹിയു, ഇന്ത്യൻ സംവിധായിക പായൽ കപാഡിയ എന്നിവരാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരത്തിന് അർഹരായവർ.

കറുത്തവർഗ്ഗക്കാരുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച 'ഹേവൻ' (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് കെല്ലി ഫൈഫ് മാർഷൽ ശ്രദ്ധേയയായത്. വംശീയ മുൻവിധികളോട് കലഹിക്കുന്ന അവരുടെ 'ബ്ലാക്ക് ബോഡീസ്' (2020) എന്ന ഹ്രസ്വചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിലെ ആദ്യ 'ചേഞ്ച്‌മേക്കർ' അവാർഡ് നേടിയിരുന്നു. കലയിലൂടെ കറുത്തവർഗ്ഗക്കാരുടെ സമൂഹത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി പ്രവർത്തിക്കുന്ന 'മേക്ക് റിപ്പിൾസ്' എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി. ടെലിവിഷൻ, പരസ്യചിത്ര നിർമ്മാണ രംഗങ്ങളിലും തന്റെ കഴിവ് തെളിയിച്ച കെല്ലിയുടെ 'ബ്ലാക്ക് എലിവേഷൻ മാപ്പ്' എന്ന പ്രചാരണചിത്രത്തിനും നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.