- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൂക്കികളെ സ്കിബിഡികളെ, ദം ഉള്ളവർ കേറി വാ, തൊട്ടടുത്ത കവലയിൽ കുരുടിയും പിള്ളേരും കാണും'; വൈറലായി കാസ്റ്റിങ് കോൾ വീഡിയോ; 'സെക്കൻഡ് ഷോ'യുടെ രണ്ടാം ഭാഗമാണോയെന്ന് നെറ്റിസൺസ്
കോഴിക്കോട്: 'സെക്കൻഡ് ഷോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ കണ്ടെത്താനുള്ള കാസ്റ്റിങ് കോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. 'സുന്ദരന്മാരേ സുന്ദരികളേ, തൊണ്ണൂറുകളിലെ കോഴിക്കോട്ടെ ഇടവഴികളിലെ ചങ്ങാതിക്കൂട്ടങ്ങളുടെ വീരഗാഥകൾ സിനിമയാക്കാൻ നായികാനായകന്മാരെ വേണം' എന്ന് തുടങ്ങുന്ന വിളംബരം ഏവരുടെയും ആകാംഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ബ്ലൂ വെയിൽ മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ വീഡിയോ ആകർഷകമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ വീഡിയോയിൽ, മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് അഭിനേതാക്കളെ തേടിയെത്തുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് പ്രധാനമായും ക്ഷണിച്ചിട്ടുള്ളത്.
'പൂക്കികളും സ്കിബിഡികളും' എന്ന് വിശേഷിപ്പിച്ച് യുവ പ്രതിഭകളെ തേടുന്ന രീതിയും, 'തൊട്ടടുത്ത കവലയിൽ കുരുടിയും പിള്ളേരും കാണും' എന്ന വരിയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സൂചനകൾ 'സെക്കൻഡ് ഷോ'യുടെ രണ്ടാം ഭാഗമാണോ ചിത്രമെന്ന ആകാംഷയും ജനിപ്പിക്കുന്നുണ്ട്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.




