ഹൈദരാബാദ്: ഓൺലൈനിൽ വ്യാജ പതിപ്പുകൾ പ്രചരിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യാറുണ്ട് . എന്നാൽ തമിഴ് ഹിറ്റ് സംവിധായൻ ശങ്കർ ഒരുക്കിയ ആദ്യ തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചര്‍' ന് സംഭവിച്ചത് മറ്റൊന്നാണ്. റിലീസായി ആറ് ദിവസം പിന്നിടുമ്പോഴേക്കും ചിത്രം പ്രാദേശിക ടെലിവിഷൻ ചാനലില്‍ പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നിര്‍മാതാവ് രംഗത്ത് എത്തി. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും സിനിമാ നിര്‍മാതാവ് ശ്രീനിവാസ കുമാര്‍ ആവശ്യപ്പെട്ടു.



സിനിമ ടെലികാസ്റ്റ് ചെയ്തതിന്റെ സ്‍ക്രീൻഷോട്ടടക്കമുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്. രാം ചരണ്‍ നായകനായ ചിത്രം വൻ ബഡ്‌ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കുന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അതേസമയം, നേരത്തെ പുറത്ത് വന്ന ഗെയിം ചേഞ്ചറിന്‍റെ മ്യൂസിക് ബജറ്റ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തിന്‍റെ ആകെ ബജറ്റ് 400 കോടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉള്ളത്. 4 പാട്ടുകളുടെ ചിത്രീകരണത്തിന് മാത്രം ഷങ്കര്‍ ചെലവാക്കിയത് 75 കോടിയാണ്. ഇതില്‍ ഒരു ഗാനത്തില്‍ 600 നര്‍ത്തകരും മറ്റൊരു ഗാനത്തില്‍ 1000 നര്‍ത്തകരുമുണ്ട്. മൂന്നാമത്തെ ഗാനത്തില്‍ റഷ്യയില്‍ നിന്നുള്ള 100 നര്‍ത്തകരും. പ്രഭുദേവ, ഗണേഷ് ആചാര്യ, ജാനി മാസ്റ്റര്‍ എന്നിവരാണ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഐഎഎസ് ഓഫീസറുടെ വേഷമാണ് രാം ചരൺ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന മദൻ കഥാപാത്രമാണ് രാം ചരൺ വെള്ളിത്തിരയിൽ എത്തിക്കുന്നത്.