കൊച്ചി: മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ. (വേൾഡ് റെസ്ലിങ് എന്റർടൈൻമെന്റ്) ശൈലി ആക്ഷൻ കോമഡി ചിത്രമായ 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 2026 ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മിനി സ്ക്രീനുകളിൽ മാത്രം കണ്ടുപരിചയിച്ച ഡബ്ല്യൂ.ഡബ്ല്യൂ.ഇ. റെസ്ലിങ്ങിന്റെ ആവേശവും നാടകീയതയും ത്രില്ലും വെള്ളിത്തിരയിൽ എത്തിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. ശൈലി റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആക്ഷനും കോമഡിയും വികാരങ്ങളും കൃത്യമായ അളവിൽ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. വിശാഖ് നായർ, 'മാർക്കോ' ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെൻസുകളും ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും ട്രെയിലർ സൂചിപ്പിക്കുന്നു.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയിട്ടുള്ളത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യും.

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവർ ഈണം നൽകിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കും 'നാട്ടിലെ റൗഡീസ്' ഗാനവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിക്കഴിഞ്ഞു.