കൊൽക്കത്ത: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. കൊൽക്കത്ത പശ്ചാത്തലമാക്കി ഒരുക്കുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാൽ നിർണായക വേഷത്തിലെത്തും. 'ഡാക്കുമഹാരാജ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.

വാൾട്ടർ വീരയ്യ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർഷമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കുമെന്നും 2027-ൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

മുൻപ്, മോഹൻലാൽ നായകനായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ 'ഗോഡ് ഫാദറി'ൽ ചിരഞ്ജീവി സ്റ്റീഫൻ നെടുമ്പള്ളിയായി വേഷമിട്ടിരുന്നു. എന്നാൽ മലയാളത്തിൽ ലഭിച്ച മികച്ച വിജയം തെലുങ്കിൽ ഈ ചിത്രത്തിന് ആവർത്തിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, ജൂനിയർ എൻ.ടി.ആറിനും ഉണ്ണി മുകുന്ദനുമൊപ്പം മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ 'ജനതാ ഗാരേജ്' തെലുങ്ക് പ്രേക്ഷകർക്കിടയിൽ മോഹൻലാലിന് വലിയ പ്രശസ്തി സമ്മാനിച്ചിരുന്നു.

കൊരട്ടല ശിവ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമായിരുന്നു. വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ'യിൽ കിരാത എന്ന അതിഥി വേഷത്തിലും മോഹൻലാൽ തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായി തെലുങ്കിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വൃഷഭ'. മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിച്ച 'വൃഷഭ' നാളെ ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.