- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവികാരം വ്രണപ്പെടുത്തി; വീണ്ടും സെൻസർ ബോർഡ് കുരുക്ക്; ടൈറ്റിലിൽ 'ഭഗവാൻ' വെട്ടണമെന്ന് നിർദ്ദേശം; ഒടുവിൽ ചിത്രത്തിന്റെ പേര് മാറ്റി

ഹൈദരാബാദ്: തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന കോമഡി എന്റർടൈനർ 'ഹേ ഭഗവാന്‍' എന്ന പേര് മതം വികാരം വൃണപ്പെടുത്തിയെന്ന സെൻസർ ബോർഡിന്റെ വിലയിരുത്തലിനെ തുടർന്ന് ചിത്രത്തിന്റെ പേര് മാറ്റി. റിലീസിന് വെറും നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ്, പേരിലെ 'ഭഗവാൻ' എന്ന വാക്ക് മാറ്റി 'ഹേ ബലവന്ത്' എന്നാക്കിയത്.
ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ്, 'ഭഗവാൻ' എന്ന പേര് കോമഡി ചിത്രത്തിന് നൽകുന്നത് തെറ്റിദ്ധാരണകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയേക്കാമെന്ന് ചൂണ്ടിക്കാട്ടി. ഈ ആശങ്കകളെ തുടർന്നാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനം നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയെങ്കിലും, പേര് 'ഹേ ബലവന്ത്' എന്നാക്കി മാറ്റിക്കൊണ്ട് അവർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി.
പേര് മാറ്റിയെങ്കിലും വിനോദത്തിന് ഒരു മാറ്റവുമില്ലെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ചിത്രത്തിൽ വിവാദപരമായ വിഷയങ്ങൾ ഒന്നും തന്നെയില്ലെന്ന് നവാഗതനായ സംവിധായകൻ ഗോപി അച്ചരയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു യുവാവും അയാളുടെ അച്ഛന്റെ നിഗൂഢമായ ബിസിനസ് സംരംഭവും ചുറ്റിപ്പറ്റിയാണ് 'ഹേ ബലവന്ത്' എന്ന ചിത്രം ഒരുങ്ങുന്നത്.
സുഹാസിനൊപ്പം വി.കെ. നരേഷ് അച്ഛന്റെ വേഷത്തിലെത്തുന്നു. ശിവാനി നഗരം, വെണ്ണെലാ കിഷോർ, സുദർശൻ, അന്നപൂർണമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 20-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.


