കൊച്ചി: ടൊവിനോ തോമസ് നായകനായെത്തിയ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, 'മിന്നല്‍ മുരളി' യൂണിവേഴ്സില്‍ സിനിമ ചെയ്യുന്നത് വിലക്കി എറണാകുളം ജില്ലാ കോടതി. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ഡിറ്റക്ടീവ് ഉജ്വലന്‍' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിലക്ക്. 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയിന്മേലായിരുന്നു കോടതിയുടെ നടപടി. 'മിന്നല്‍ മുരളി' സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി.

'ഡിറ്റക്ടീവ് ഉജ്വലന്‍' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നല്‍ മുരളി' സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികള്‍ ലംഘിക്കപെടാന്‍ പാടില്ലെന്നാണ് അറിയിപ്പില്‍ പറയുന്നത്. 'ഡിറ്റക്ടീവ് ഉജ്വലന്റെ' നിര്‍മ്മാതാവായ സോഫിയ പോള്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമര്‍ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീല്‍ ഗോപികൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

'മിന്നല്‍ മുരളി'യിലെ ബ്രൂസ് ലീ ബിജി, ജോസ്‌മോന്‍, പിസി സിബി പോത്തന്‍, എസ് ഐ സാജന്‍ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തോടെയാണ് കോടതി ഉത്തരവ്. എറണാകുളം ജില്ലാ കോടതിയാണ് പരാതിയിന്മേല്‍ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 'മിന്നല്‍ മുരളി യൂണിവേഴ്‌സിന്' രൂപം നല്‍കുമെന്ന് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ സാരഥിയായ സോഫിയ പോള്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 3 നാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന 'കുറുക്കന്‍ മൂല' എന്ന സ്ഥലത്തിന്റെ റെഫറന്‍സ് 'ഡിക്ടറ്റീവ് ഉജ്വല'ന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. അതിന് ശേഷം 'മിന്നല്‍ മുരളി' യൂണിവേഴ്സില്‍ ഉള്‍പ്പെട്ട സിനിമയാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഗുരു സോമസുന്ദരം, പി ബാലചന്ദ്രന്‍, ആര്യ സലിം, അജു വര്‍ഗീസ്, വസിഷ്ട് ഉമേഷ്, ഹരിശ്രീ അശോകന്‍, ഷെല്ലി കിഷോര്‍, ബൈജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സമീര്‍ താഹിറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോവിഡ് കാലത്ത് പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ തന്നെ പ്രേക്ഷക പ്രീതി നേടി. ഷാന്‍ റഹ്‌മാനും സുഷിന് ശ്യാമും സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാഡമി അവാര്‍ഡ് ചിത്രത്തിലൂടെ ബേസില്‍ ജോസഫിന് ലഭിച്ചിരുന്നു.