കൊച്ചി: 'കിംഗ് ഓഫ് കൊത്ത'യുടെ പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‍കര്‍'. തീയേറ്ററുകളിൽ പരാജയമായ 'കിംഗ് ഓഫ് കൊത്ത'യുടെ ക്ഷീണം തീർക്കാൻ ചിത്രത്തിനാകുമോ എന്ന ചർച്ചകൾ നേരത്തെ സജീവമായിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കർ. ചിത്രത്തിലൂടെ ദുൽഖർ വലിയ തിരിച്ചുവരവാണ് നടത്തിയത്. 100 കോടിക്ക് പുറത്ത് നേടിയ ചിത്രം കേരളത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേരളത്തില്‍ നിന്ന് ചിത്രം 21 കോടി നേടിയപ്പോൾ 111 കോടിയാണ് ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷൻ. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും മികച്ച കളക്ഷനാണ് ലക്കി ഭാസ്‍കറിന് ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സില്‍ നാളെയാണ് ചിത്രം എത്തുക.

വെങ്കി അറ്റ്ലൂരിയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ലക്കി ഭാസ്‍കര്‍' ഒക്ടോബര്‍ 31 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ്. ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു ബിഗ് ബജറ്റ് ചിത്രമാണ് 'ലക്കി ഭാസ്കർ'. വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ വമ്പൻ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷ.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാറാണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്.