കൊച്ചി: ഒ.ടി.ടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെ റിലീസ് ചെയ്ത 'എല്‍' എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലി നേരത്തെയും ഉയർന്നിരുന്ന ആരോപണങ്ങളാണ് നിലവിൽ വിദ്വേഷ പ്രചാരണങ്ങൾക്ക് വഴിയൊരുക്കുന്നത്. ചിത്രം പ്രാചീന ജൂത സംസ്കാരത്തിലെയും ക്രൈസ്തവ ദൈവശാസ്ത്രത്തിലെയും ചില മിത്തുകളെ പുനരാവിഷ്കരിക്കുന്ന ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്നാണ് പ്രധാന ആരോപണം.

കാലഹരണപ്പെട്ട ജൂത മിത്തുകൾ പോസ്റ്റ് മോഡേൺ കാലത്തെ സിനിമയിൽ അവതരിപ്പിക്കുന്നതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ജൂത ബൈബിളായ തോറയിലെ ചില സൂചകങ്ങളും ഉപകഥകളും സിനിമയിൽ പരാമർശിക്കുന്നുണ്ടെന്നും, ക്രൈസ്തവ വിശ്വാസത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ ജൂത മത ഗ്രന്ഥത്തെ വ്യാഖ്യാനിച്ചു പറയുന്നതിനാലാണ് ഇത് പ്രൊപ്പഗാണ്ടയാകുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയും മതവിശ്വാസങ്ങളെ മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഈ സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന് വിശ്വാസി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. എന്നാൽ, സിനിമ നല്ല രീതിയിൽ പ്രദർശനം നടക്കുന്നതിൽ ചിലർക്കുള്ള അസംതൃപ്തിയാണ് ഈ ആക്ഷേപങ്ങൾക്ക് പിന്നിലെന്ന് ചിത്രത്തിന്റെ രചയിതാക്കളായ ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും വ്യക്തമാക്കി.

'മിത്തും യാഥാർത്ഥ്യവും തമ്മിൽ തിരിച്ചറിയാത്തത് ഞങ്ങളുടെ സിനിമയുടെ പരിമിതിയല്ല. 'എല്‍' ഒരു കലാസൃഷ്ടിയാണ്. അത് ഒരു സമൂഹത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് ചെയ്തതല്ല. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകർക്ക് ഉണ്ടാകേണ്ടത്,' എന്ന് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പ്രതികരിച്ചു. മറ്റ് തരത്തിലുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞ് സിനിമ കാണാൻ പ്രേക്ഷകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈസ്തവ വിശ്വാസങ്ങളും മിത്തും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞുപോകുന്ന ഒരു ത്രില്ലർ സിനിമയാണ് 'എല്‍'. പോപ് മീഡിയയുടെ ബാനറിൽ ഷോജി സെബാസ്റ്റ്യൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ സിനിമയുടെ പ്രമേയം സംബന്ധിച്ച് പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.