- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരം മിഥുൻ ചക്രവർത്തിക്ക്; ബഹുമതി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച്; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനും ഉടമ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്തമാസം എട്ടിന് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു. 2024ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. വെസ്റ്റ് ബംഗാളിൽ കൊൽക്കത്തയിൽ ജനിച്ച മിഥുൻ ചക്രവർത്തി മുൻ രാജ്യസഭാ എംപി കൂടിയാണ്. 1980 മുതൽ 1990 വരെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായിരുന്നു ചക്രവർത്തി. 1985 മുതൽ 1988 വരെ ''ബോക്‌സ് ഓഫീസ് ഇന്ത്യയുടെ'' മികച്ച അഭിനേതാക്കളുടെ പട്ടികയിൽ നാല് തവണ അദ്ദേഹം ഇടം നേടി.
1976-ൽ 'മൃഗയ'യിലൂടെയാണ് മിഥുൻ ചക്രബർത്തി തന്റെ സിനിമാജീവിതം ആരംഭിച്ചത്. ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. 1989-ൽ 19 സിനിമകൾക്ക് നായകനായ മിഥുൻ ചക്രബർത്തി ലിംക ബുക്ക് ഓഫ് റെക്കോർഡിസിന് ഉടമ കൂടിയാണ്. ഈ റെക്കോർഡ് ഇപ്പോഴും ബോളിവുഡിൽ തകർക്കപ്പെട്ടിട്ടില്ല.