തിരുവനന്തപുരം: 'ഡാം 999' വീണ്ടും തീയറ്ററുകളിൽ. പ്രകൃതി ദുരന്തമേഖലയായ് കേരളവും മാറുകയാണെന്ന ആശങ്ക സമൂഹത്തിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് 2011ൽ ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് സംവിധാനം ചെയ്ത 'ഡാം 999' വീണ്ടും റിലീസ് ചെയ്തത്. തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ് എൽ സിനിമാസിൽ Audi 1 ൽ സിനിമ പ്രദർശ്നത്തിന്റെ മുന്നോടിയായി ഉള്ള റെഡ് കാർപെറ്റ് സ്ക്രീനിങ് നടന്നു. 4 കെ ഡോൾബി അറ്റ്മോസ് സംവിധാനത്തിൽ മലയാളം പകർപ്പാണ് റിലീസ് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും തീയറ്ററിൽ പ്രദർശനം ഉണ്ടായിരിക്കുമെന്നും കുട്ടികൾക്കായി സൗജന്യ പ്രദർശനം നടത്തുമെന്നും സംവിധായകൻ സർ. സോഹൻ റോയ് പറഞ്ഞു.13 വർഷത്തിനു ശേഷവും സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള റീ റിലീസ് എന്നും ജനങ്ങൾക്കുള്ള ഒരു ബോധവൽക്കരണമായി ഇത് മാറട്ടെ എന്നും സംവിധായകൻ പറഞ്ഞു.

ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ അജയൻ വിൻസെന്റ്, നിർമ്മാതാവ് അഭിനി സോഹൻ, സഹനിർമ്മാതാവ് ഡോ. എൻ. പ്രഭിരാജ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ ജോൺസ് ഇരിങ്ങോൾ തുടങ്ങിയവരോടൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ പരിപാടിയുടെ ഭാഗമായി. ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിനെ മുന്നിൽക്കണ്ട് നിർമ്മിച്ച ചിത്രമാണെന്ന തെറ്റിദ്ധാരണയിൽ തമിഴ്നാട് ഈ ചിത്രത്തെ നിരോധിച്ചിരുന്നു .13 വർഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ആ ചിത്രത്തിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നതെന്ന് സിനിമ ശ്രദ്ധാപൂർവ്വം കാണുന്നവർക്ക് മനസ്സിലാവും.

ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെക്കുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നതിന് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളിലും ചിത്രത്തിന്റെ റീ റിലീസിംഗ് ഇതിനോടകം തന്നെ നടന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും, ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

വിനയ റായി, ജോഷ്വാ ഫെഡറിക് സ്മിത്ത്, രജിത് കപൂർ, ലിൻഡ അൻസറിനോ, വിമല രാമൻ, ആശിഷ് വിദ്യാർത്ഥി, ജാലാ പീക്കറിങ്, പാർവതി രഞ്ജിത്ത്, മേഘ ബൂർമാൻ, ജിനീത്ത് രാത്, ഊർമ്മിള ഉണ്ണി, എസ് പി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫെട്രിക് സ്മിത്ത്, ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രൊഡക്ഷൻ ഡിസൈനർ തോട്ടതരണി, ചിത്രത്തിന്റെ ക്യാമറ വിഭാഗം കൈകാര്യം ചെയ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്, മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് മുതലായവർ ചിത്രത്തിന്റെ സംവിധായകൻ സോഹൻ റോയിയുമായി സിനിമയിറങ്ങി പത്തുവർഷമായപ്പോൾ അനുഭവങ്ങൾ പങ്കുവെക്കാൻ എത്തിച്ചേരുകയുണ്ടായി.