- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുല്ലപ്പെരിയാര്‍ ഭീതിയില്‍' തമിഴ്‌നാട് വിലക്കിയ ചിത്രം; ഡാം 999 വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു; റീ റിലീസ് ഈ മാസം 28 ന്
തിരുവനന്തപുരം : രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയവും കഴിഞ്ഞ വര്‍ഷത്തെ വയനാട് ദുരന്തവും കുറച്ചൊന്നുമല്ല കേരള ജനതയെ ഭീതിയിലാക്കിയിരിക്കുന്നത്. ഇതോടെ പ്രകൃതി ദുരന്തമേഖലയായ് നമ്മുടെ കേരളവും മാറുകയാണെന്ന ആശങ്കയും സമൂഹത്തില്‍ വര്‍ദ്ധിയ്ക്കുകയാണ്.ഈ പശ്ചാത്തലത്തിലാണ് രണ്ടായിരത്തി പതിനൊന്നില്‍ സോഹന്‍ റോയ് സംവിധാനം ചെയ്ത 'ഡാം 999 ' എന്ന ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. അന്ന് ചിത്രം പുറത്തിറങ്ങിയ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മുന്നില്‍ക്കണ്ട് നിര്‍മ്മിച്ച ചിത്രമാണ് അതെന്ന തെറ്റിദ്ധാരണയില്‍ തമിഴ്‌നാട് ഈ ചിത്രത്തെ നിരോധിക്കുകയും ചെയ്തിരുന്നു.13 വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്‌നാട്ടില്‍ വിലക്ക് തുടരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ആ ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നതെന്ന് സിനിമ ശ്രദ്ധാപൂര്‍വ്വം കാണുന്നവര്‍ക്ക് മനസ്സിലാവും.
2025 ഫെബ്രുവരി 28ന് വൈകുന്നേരം 06:30 ന് തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് എസ് എല്‍ സിനിമാസില്‍ , സിനിമ പ്രദര്‍ശ്‌നത്തിന്റെ മുന്നോടിയായി ഉള്ള റെഡ് കാര്‍പെറ്റ് സ്‌ക്രീനിങ് നടക്കും. 4 കെ ഡോള്‍ബി അറ്റ്‌മോസ് സംവിധാനത്തില്‍ മലയാളം പകര്‍പ്പാണ് റിലീസ് ചെയ്യുന്നത് . തുടര്‍ന്നുള്ള ദിവസങ്ങളിലും തീയറ്ററില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. സിനിമ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.
ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് നിര്‍മിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെക്കുറിച്ചും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ സോഹന്‍ റോയ് പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിന് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലും ചിത്രത്തിന്റെ റീ റിലീസിംഗ് ഇതിനോടകം തന്നെ നടന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും , ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്.
13 വര്‍ഷത്തിനു ശേഷവും സിനിമ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള റീ റിലീസ് എന്നും ജനങ്ങള്‍ക്കുള്ള ഒരു ബോധവല്‍ക്കരണമായി ഇത് മാറട്ടെ എന്നും സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു. വിനയ റായി, ജോഷ്വാ ഫെഡറിക് സ്മിത്ത് , രജിത് കപൂര്‍, ലിന്‍ഡ അന്‍സറിനോ, വിമല രാമന്‍, ആശിഷ് വിദ്യാര്‍ത്ഥി , ജാലാ പീക്കറിങ് , പാര്‍വതി രഞ്ജിത്ത്, മേഘ ബൂര്‍മാന്‍, ജിനീത്ത് രാത് , ഊര്‍മ്മിള ഉണ്ണി, എസ് പി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
പ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫെട്രിക് സ്മിത്ത് , ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ , പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ടതരണി, ചിത്രത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത സിനിമാട്ടോഗ്രാഫര്‍ അജയന്‍ വിന്‍സെന്റ്, മേക്കപ്പ് വിദഗ്ധന്‍ പട്ടണം റഷീദ് മുതലായവര്‍ ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയിയു മായി സിനിമയിറങ്ങി പത്തുവര്‍ഷമായപ്പോള്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ എത്തിച്ചേരുകയുണ്ടായി.
അംഗീകാരങ്ങള്‍
2011 -ല്‍ റ്റുഡിയില്‍ നിന്ന് ത്രീഡിയിലേക്കുള്ള കണ്‍വേര്‍ഷന്‍ ടെക്‌നോളജിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയായിരുന്നു ഇത്.ഒട്ടനവധി അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ ചിത്രമാണ് ഇത് . ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്ന് കാറ്റഗറികളിലായി 5 എന്‍ട്രികള്‍ നേടിയത് കൂടാതെ , ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് വിവിധ കാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി . ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണിത്.
ഇതോടൊപ്പം ഓസ്‌കാര്‍ അക്കാദമി ലൈബ്രറിയിലെ ' പെര്‍മനന്റ് കോര്‍ കളക്ഷനിലേക്ക് ' തെരഞ്ഞെടുക്കപ്പെടുക എന്ന അപൂര്‍വ്വ നേട്ടവും സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 130 ഓളം അന്തര്‍ദേശീയ ചലച്ചിത്രമേളകളിലേക്കും ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടു.