ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ താരം ദീപിക പദുക്കോണും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് വിവരം പുറത്തുവിട്ടത്. AA22 x A6 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. എക്‌സില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പങ്കുവച്ച വീഡിയോ പെട്ടെന്നു തന്നെ വൈറലായി. ദീപിക ചിത്രത്തില്‍ ജോയിന്‍ ചെയ്തു.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഏപ്രിലില്‍ അല്ലു അര്‍ജുന്റെ ജന്മദിനത്തിനാണ് പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കാനായി റാണി എത്തുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തില്‍ ദീപിക എത്തിയതിനെപ്പറ്റി അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

2023ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ജവാനിലും ദീപികയും ആറ്റ്‌ലിയും ഒന്നിച്ചിരുന്നു. ഷാറൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററില്‍ ഹിറ്റായിരുന്നു. ആറ്റ്‌ലിയും അല്ലുവും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. രാജ റാണി, തെരി, മെര്‍സല്‍, ബി?ഗില്‍ എന്നിവയാണ് ആറ്റ്‌ലിയുടെ പ്രധാന ചിത്രങ്ങള്‍. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നതോടെ പ്രതീക്ഷയിലാണ് ആരാധകര്‍.