ഹൈദരാബാദ്: പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽനിന്നും നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചു. വിശദമായ ചർച്ചകൾക്കൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് നിർമാതാക്കൾ എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഇതിനു പിന്നിൽ പ്രതിഫല വർധനവും ഷൂട്ടിങ് സംബന്ധിച്ച നിബന്ധനകളും കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

'കൽക്കി 2898 എഡി'യുടെ ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ ദീപിക, രണ്ടാം ഭാഗത്തിനായി പ്രതിഫലം 25 ശതമാനം വർദ്ധിപ്പിച്ചതായാണ് സൂചന. കൂടാതെ, ഒരു ദിവസം ഏഴ് മണിക്കൂർ മാത്രമേ ഷൂട്ടിങ്ങിനായി സമയം കണ്ടെത്താനാകൂ എന്ന് നടി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹെവി വിഎഫ്എക്സ് ആവശ്യമുള്ള ചിത്രമായതിനാൽ, ഓരോ ഷോട്ടും നിർണായകമാണ്. ചെറിയ ഷോട്ടുകൾ പോലും ചിത്രത്തിന്റെ ബഡ്ജറ്റിനെ സാരമായി ബാധിക്കുമെന്നിരിക്കെ, ദീപികയുടെ ഈ നിലപാട് നിർമ്മാതാക്കൾക്ക് തിരിച്ചടിയായി.

വിശ്രമത്തിനായി ആഡംബര കാരവൻ ലഭ്യമാക്കാം എന്നും പകരം കൂടുതൽ സമയം ഷൂട്ടിങ്ങിനായി വിനിയോഗിക്കണമെന്നും നിർമ്മാതാക്കൾ ദീപികയോട് ആവശ്യപ്പെട്ടെങ്കിലും നടി അതിന് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. ഏകദേശം 25 പേരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് ദീപിക ഷൂട്ടിങ്ങിനെത്തുന്നത്. ഇവരുടെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർമ്മാതാക്കൾ വഹിക്കണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വൈജയന്തി മൂവീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബോളിവുഡിലെ പല നിർമ്മാതാക്കളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അണിനിരന്നിരുന്നു. മൃണാൽ താക്കൂർ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട എന്നിവരും അതിഥി വേഷത്തിലെത്തിയിരുന്നു.