ഹൈദരാബാദ്: ദേവര പാര്‍ട്ട് 1 സിനിമ സെപ്റ്റംബര്‍ 27-ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ് നടത്താനിരുന്ന പ്രി-റിലീസ് ഇവന്റ് ആരാധകരുടെ അതിപ്രസരം കാരണം മാറ്റിവെച്ചു. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ ആകുന്നതിലും അധികമാളുകളാണ് പരിപാടിയ്‌ക്കെത്തിയത്. ഉന്തും തള്ളുമായതോടെ ചടങ്ങ് റദ്ദാക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയറ്ററുകളിലെത്താന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ജൂനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം നടത്താനിരുന്ന പ്രീ റിലീസ് ഈവന്റ് റദ്ദാക്കിയത്.

സെപ്തംബര്‍ 22-ന് ഹൈദരാബാദില്‍ പ്ലാന്‍ ചെയ്ത ഈവന്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് പരിപാടി റദ്ദാക്കിയത്. പിങ്ക്വില്ല റിപ്പോര്‍ട്ട് പ്രകാരം എന്‍ടിആര്‍ ആരാധകര്‍ ടിക്കറ്റ് വിറ്റതിനേക്കാള്‍ കൂടുതല്‍ എത്തിയതും. സുരക്ഷ സംവിധാനങ്ങള്‍ തകര്‍ന്നതുമാണ് അടിയന്തരമായി പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത്.

പരിപാടി സംഘടിപ്പിച്ച സ്ഥലത്തേക്ക് എത്താന്‍ ദേവര നായകന്‍ ജൂനിയര്‍ എന്‍ടിആര്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് പരിപാടി റദ്ദാക്കിയത് എന്നാണ് വിവരം. ആരാധകരുടെ തിരക്ക് കാരണം ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പൊലീസ് വൃത്തങ്ങള്‍ അടക്കം നിര്‍ദ്ദേശിച്ചതിനാല്‍ ജൂനിയര്‍ എന്‍ടിആറും പരിപാടി ഉപേക്ഷിച്ചു.

ആരാധകരുടെ ബാഹുല്യം കാരണം പരിപാടി ആസൂത്രണം ചെയ്തപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ നിര്‍മ്മാതാക്കള്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ദേവരയുടെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ സംവിധായകന്‍ ത്രിവിക്രം പരിപാടി നടക്കുന്ന വേദിയില്‍ എത്തിയ ശേഷം മടങ്ങി. എന്തായാലും പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രാജമൌലിയുടെ വന്‍ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്.

ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‌നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

'ജനത ഗാരേജ്'ന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദേവര'. ആക്ഷനും റൊമാന്‍സും കോര്‍ത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ദേവര എന്നാണ് എന്‍ടിആര്‍ന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായ് സൈഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാന്‍വി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയര്‍ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.