ടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തമിഴ് സിനിമാ ലോകം ദുഃഖത്തിൽ. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ, രാത്രിയോടെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണവിവരം അറിഞ്ഞയുടൻ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

നടനും സംവിധായകനുമായ ധനുഷ് റോബോ ശങ്കറിനെ അവസാനമായി കാണാനെത്തിയപ്പോൾ വികാരഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ധനുഷിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കരച്ചിലടക്കാൻ പ്രയാസപ്പെട്ട ധനുഷ്, ഇന്ദ്രജയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനുഷ് മടങ്ങി.

'മാരി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോബോ ശങ്കർ, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സമാനമായ വേഷം അവതരിപ്പിച്ചിരുന്നു. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും, ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.