ചെന്നൈ: കുറച്ച് ദിവസങ്ങളായി ധനുഷ്- നയൻതാര വിവാദം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചിരിക്കുകയാണ്. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ പത്ത് സെക്കന്‍ഡ് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ, വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിന് നയന്‍താര- വിഘ്‌നേഷ് ശിവന്‍ ദമ്പതിമാര്‍ക്ക് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഇതോടെയാണ് കോളിവുഡിലെ പുതിയ വിവാദത്തിന് ആണി അടിച്ചത്.

ഇപ്പോഴിതാ നയന്‍താര ധനുഷ് വിവാദത്തില്‍ പ്രതികരണവുമായി ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ രംഗത്ത് വന്നിരിക്കുന്നു. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞു.

മകൻ ഇപ്പോള്‍ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ ഇപ്പോള്‍ അവന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമ റിലീസിന് മുന്‍പ് വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും കസ്തൂരി രാജ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ..

ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനമെന്നും. ഞങ്ങള്‍ അതുമായി മുന്നോട്ടു പോവുകയാണ്.ഞങ്ങളെ വേട്ടയാടുന്നവരോടും ഞങ്ങളെ ക്കുറിച്ച് പറഞ്ഞു നടക്കുന്നവരോടും ഉത്തരം പറയാന്‍ സമയയമില്ല. എന്നെപ്പോലെ, എന്‍റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയൻതാര പറഞ്ഞതുപോലെ, രണ്ട് വർഷം കാത്തിരുന്നുവെന്നത് സത്യമായ കാര്യങ്ങളല്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരണത്തിൽ പറയുന്നു.