കൊച്ചി: ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 'ലോക'യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായ 'ലോക'യെയും സംവിധായകൻ്റെ പ്രവർത്തനത്തെയും കല്യാണി പ്രിയദർശൻ്റെ അഭിനയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

'ലോക' എന്ന പേരിൽ ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദർശൻ 'ചന്ദ്ര' എന്ന സൂപ്പർഹീറോയായി വേഷമിടുന്നു. നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് 'സണ്ണി' എന്നാണ്. ഫാന്റസി വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദർശന്റെ പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം.

തമിഴ് നടൻ സാൻഡി ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡയായും ചന്ദു വേണുവായും അരുൺ കുര്യൻ 'നൈജിൽ' ആയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒന്നിലധികം ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.

വേഫെറർ ഫിലിംസ് കേരളത്തിൽ എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വലിയ വിതരണക്കാരാൽ റിലീസ് ചെയ്തിട്ടുണ്ട്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, തെലുങ്കിൽ സിതാര എന്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവർ ചിത്രത്തിൻ്റെ വിതരണക്കാരാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രധാന സ്ക്രീനുകളിലും ചിത്രം പ്രദർശനത്തിനുണ്ട്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ എന്നിവർ നിർവഹിച്ചിരിക്കുന്നു.