കൊച്ചി: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ഇ ഡി (എക്‌സ്ട്രാ ഡീസെന്റ്). കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രവുമായി സുരാജെത്തിയ ചിത്രം ആമിർ പള്ളിക്കാലാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ്. സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങിയവർ ഇ ഡിയെ വിശേഷിപ്പിക്കുന്നത്‌. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ പദ്മകുമാർ.

"സിനിമയെ സംബന്ധിച്ച് വെള്ളിയാഴ്ച എന്നത് ഒരു പ്രത്യേക ദിനമാണ്. വെള്ളിയാഴ്ചകളിലാണ് പുത്തൻ താരോദയങ്ങളുണ്ടാവുന്നത്; സിനിമയിൽ. ഇന്ന്, ഈ വെള്ളിയാഴ്ച ഒരു താരത്തിൻ്റെ അസാമാന്യ പ്രകടനം കൊണ്ട് അവിസ്മരണീയമായിത്തീരുന്നു, മലയാളസിനിമയിൽ.. സുരാജ് വെഞ്ഞാറമൂട് ആണ് ആ താരം. ചിത്രം 'ED'യും (Extra Decent). ഒട്ടും സാധാരണമല്ലാത്ത പ്രമേയം, അതിമനോഹരമായ അവതരണം, ഹൃദയത്തോട് അടുപ്പിക്കുന്ന സംഗീതം, കഥയോടും കഥാപാത്രങ്ങളോടും ചേർന്നു നിൽക്കുന്ന ഫ്രെയിമുകൾ, അഭിനേതാക്കളുടെ അനായാസമായ പരകായ പ്രവേശം.. പിന്നെ സുരാജ് വെഞ്ഞാറമ്മൂടിൻറെ ത്രസിപ്പിക്കുന്ന വൺമാൻ ഷോയും! ഒരു സിനിമ ആസ്വാദ്യകരമായിത്തീരാൻ ഇതിൽ കൂടുതലെന്തുവേണം! എ മസ്റ്റ് വാച്ച് മൂവി", എന്നാണ് അദ്ദേഹം കുറിച്ചത്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം വാരത്തിലും എക്സ്ട്രാ ഡീസന്റ് ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി റിലീസ് കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്. സൈക്കോ സ്വഭാവ സവിശേഷതകളുള്ള ബിനു എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിനുവിന്‍റെ അച്ഛനായ റിട്ട. തഹസില്‍ദാരുടെ വേഷം ചെയ്ത സുദീര്‍ കരമനയും ശ്രദ്ധ നേടി. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് സുരാജിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, വിനയപ്രസാദ്, റാഫി, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്.