ചെന്നൈ: നടനും ടി.വി.കെയുടെ നേതാവുമായ ദളപതി വിജയിയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ സത്യരാജിന്റെ മകളും സാമൂഹ്യപ്രവര്‍ത്തകയുമായ ദിവ്യ സത്യരാജ്. ഡിഎംകെ പരിപാടിയില്‍ വച്ചാണ് ദിവ്യയുടെ വിമര്‍ശന പ്രസംഗം. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിലേക്കുള്ള വിമാനയാത്രയിലുണ്ടായ ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ദിവ്യയുടെ വിമര്‍ശനം. അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്ന ദിവ്യ മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും വാനോളം പ്രശംസിക്കുകയും ചെയ്തു. ഇവരുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എംകെ സ്റ്റാലിനും തമിഴ്നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ദിവ്യയുടെ 12 മിനുട്ട് നീണ്ട പ്രസംഗം. ഡിഎംകെ സര്‍ക്കാരിലെ ഹിന്ദു മതകാര്യങ്ങള്‍ക്കുള്ള മന്ത്രി ശേഖര്‍ ബാബുവിന്റെ പ്രവര്‍ത്തനവും ദിവ്യ എടുത്തു പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കവെയാണ് വിജയിയെ ദിവ്യ വിമര്‍ശിച്ചത്.

'ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനില്‍ മാത്രം ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയുമല്ല. ഉദയനിധി സ്റ്റാലിന്‍ അത്തരം വഷളനായ രാഷ്ട്രീയക്കാരനല്ല. കഠിനധ്വാനിയും അച്ചടക്കത്തോടെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ് ഉദയനിധി'- ദിവ്യ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ഗോവയില്‍ ആയിരുന്നു കീര്‍ത്തി സുരേഷും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന് വിജയിയും എത്തിയിരുന്നു. പിന്നീടാണ് വിജയിയുടെ യാത്രയുടെ വീഡിയോ പ്രചരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.