- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൃശ്യം 3' റിലീസ് എപ്പോള്?; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീത്തു ജോസഫ്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നും സംവിധായകൻ
കൊച്ചി: മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ദൃശ്യം 3' മലയാളം പതിപ്പ് ഏപ്രിൽ ആദ്യവാരം തിയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രഖ്യാപിച്ചു. ചിത്രത്തിൻ്റെ റിലീസ് തീയതി സംബന്ധിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ജീത്തു ജോസഫ് ഈ വിവരം പങ്കുവെച്ചത്.
'ദൃശ്യം' ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണെന്നും അതിൻ്റെ വലിയൊരു ഭാരം തൻ്റെ ഉള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഏപ്രിൽ ആദ്യവാരം തിയറ്ററുകളിൽ കാണാമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. 'ദൃശ്യം 3'യുടെ ഹിന്ദി റീമേക്ക് ഒക്ടോബർ 2-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
അഭിഷേക് ബച്ചൻ നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് പഥക് ആണ്. മലയാളം പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. 'ദൃശ്യം 3' മലയാളം ഒറിജിനലിന്റെ ആഗോള തിയറ്ററിക്കൽ, ഡിജിറ്റൽ റൈറ്റുകൾ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികളായ പെൻ മൂവീസും ചേർന്ന് സ്വന്തമാക്കിയിരുന്നു.
ഈ അവസരത്തിൽ മോഹൻലാൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. ജോർജുകുട്ടി വർഷങ്ങളായി തൻ്റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും തുടരുന്ന കഥാപാത്രമാണെന്നും, പുതിയ രഹസ്യങ്ങളുമായി പഴയൊരു സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അയാളിലേക്ക് വീണ്ടും പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ദൃശ്യം 3' ന് മുമ്പായി തൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമായ 'വലതുവശത്തെ കള്ളൻ' ജനുവരി 30-ന് റിലീസ് ചെയ്യുമെന്നും ജീത്തു ജോസഫ് അറിയിച്ചു. ഒരു നല്ല സിനിമയായിരിക്കുമെന്നും തനിക്ക് അതിൽ നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




