കൊച്ചി: മലയാള സിനിമാ ലോകം കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ അവസാന ഭാഗം 2026 ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തും. നടൻ മോഹൻലാൽ തന്നെയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. പ്രധാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രഖ്യാപന വീഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

'വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന ആകാംഷ ജനിപ്പിക്കുന്ന ടാഗ്ലൈനും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോർജുകുട്ടിയും കുടുംബവും നിയമക്കുരുക്കിൽ അകപ്പെടുമോ, അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ വീണ്ടും പുതിയ സസ്പെൻസുകൾ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ 78 ദിവസത്തെ കാത്തിരിപ്പ് അനിവാര്യമാണെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.

ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.

സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.