കൊച്ചി: മലയാളം സിനിമയില്‍ നിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം അണിയറയില്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഒരു സൂപ്പര്‍ ഹീറോ ചിത്രമായാണ് ലോക ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.

ഡൊമനിക് അരുണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പര്‍ വുമണ്‍ ആയാണ് പോസ്റ്ററില്‍ കല്യാണിയെ കാണാന്‍ കഴിയുക. 'വണ്ടര്‍ വുമണ്‍ റീമേക്ക്' ആണോ ഇതെന്നാണ് ദുല്‍ഖറിന്റെ പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍.

'ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമിയോ പ്രതീക്ഷിക്കാമോ', 'അങ്ങനെ യൂണിവേഴ്സില്‍ നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയും, ഇത് പൊളിക്കും'- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.