- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിടി റിലീസിന് ശേഷവും തീയേറ്ററുകളിൽ കാണാനാളെത്തി; അപൂർവ നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്കർ'; ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷവും കളക്ഷനിൽ നേട്ടം
കൊച്ചി: തീയേറ്ററുകളിൽ ജനത്തിരക്ക് കുറയുമ്പോളാണ് സാധാരണ ചിത്രങ്ങൾ ഒടിടിയിലെത്തുന്നത്. വളരെ ചുരുക്കം സിനിമകൾക്ക് മാത്രമേ ഒടിടി റിലീസിന് ശേഷവും തീയേറ്ററുകളിൽ നിന്നും കാര്യമായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. മലയാളികളുടെ പ്രിയ താരമായ ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രത്തിനും അത്തരത്തിൽ അപൂർവ നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ തുടരുകയാണ് 'ലക്കി ഭാസ്കർ'. നെറ്റ്ഫ്ലിക്സിലൂടെ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ അതേ ദിവസം തന്നെ തിയേറ്ററുകളിലും വലിയൊരു വിഭാഗം പ്രേക്ഷകര്‍ ചിത്രം കാണാനെത്തി. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ഇന്നലെ നേടിയത് 13 ലക്ഷം രൂപയാണെന്നാണ് വിവരം. ഇതേ ദിവസം തമിഴ് പതിപ്പ് 9 ലക്ഷവും മലയാളം പതിപ്പ് 3 ലക്ഷവും നേടി. അങ്ങനെ ചിത്രത്തിന്‍റെ ഒടിടി റിലീസ് ദിനത്തില്‍ ഈ മൂന്ന് ഭാഷാപതിപ്പുകളില്‍ നിന്നായി ചിത്രം നേടിയത് 25 ലക്ഷം രൂപയാണ്.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദീപാവലി റിലീസ് ആയിരുന്നു. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 111.15 കോടി രൂപയാണ് കളക്ട് ചെയ്തത്. കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന്റെ തിരിച്ച് വരവ് കൂടിയായിരുന്നു ലക്കി ഭാസ്കര്‍.