മുംബൈ: അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും പാരീസ് ഒളിമ്പിക്സ് വിനേഷ് ഫോഗാട്ട് കാഴ്ച്ചവെച്ച അവിസ്മരണീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ദംഗല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു.വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത് തന്റെ പെണ്മക്കളെ ഗുസ്തിക്കാരാക്കിയ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഫയല്‍വാന്റെ കഥയായിരുന്നു ദംഗലിന്റെ പ്രമേയം.

പെണ്‍മക്കളായ ഗീത ഫോഗട്ടിനെയും ബബിത കുമാരിയെയും ലോകോത്തര വനിതാ ഗുസ്തിക്കാരാകാന്‍ പരിശീലിപ്പിക്കുന്ന ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ആയി അഭിനയിച്ചത് ആമിര്‍ ഖാന്‍ ആയിരുന്നു.ഈ മഹാവീര്‍ സിങ്ങിന്റെ ദത്തുപുത്രിയാണ് വിനേഷ് ഫോഗട്ട്.മഹാവീറിന്റെ അനുജന്റെ മരണശേഷം അനുജന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി ഇപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് അദ്ദേഹം.

ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ പ്രചോദനാത്മകമായ യാത്രയും സിനിമയാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ നിറയുന്നത്.മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവര്‍ക്കൊപ്പം വളര്‍ന്ന വിനേഷ് കൂട്ടത്തിലെ ഏറ്റവും മിടുക്കിയായിരുന്നു. ഒന്‍പതാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ മഹാവീര്‍ തന്നെയാണ് വളര്‍ത്തിയതും ഗുസ്തിയിലെ അടവുകള്‍ പഠിപ്പിച്ചതും.2016 റിയോ ഒളിംപിക്സിലും 2021 ടോക്കിയോ ഒളിംപിക്സിലും ദൗര്‍ഭാഗ്യം മൂലം വിനേഷിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.

റിയോ ഒളിംപിക്സില്‍ 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പരുക്കേറ്റാണ് വിനേഷ് പുറത്തായത്.ടോക്കിയോയില്‍ 53 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ ആധികാരികമായി ജയിച്ചതിനു ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറൂസിന്റെ വനേസ കലാസിന്‍സ്‌കായയ്ക്കു മുന്നില്‍ വിനേഷ് അപ്രതീക്ഷിതമായി വീണു പോവുകയായിരുന്നു.വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്.

ലോക ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഇന്ത്യയുടെ അഭിമാനമായ താരത്തെ ആരാധകര്‍ കഴിഞ്ഞ വര്‍ഷം കണ്ടത് ന്യൂഡല്‍ഹിയിലെ തെരുവുകളിലാണ്.തനിക്കു കിട്ടിയ ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച വിനേഷ് സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവര്‍ക്കൊപ്പം സമരമുഖത്ത് സജീവമായി. ചേച്ചിമാരേക്കാള്‍ പ്രചോദനാത്മകമായ ജീവിതംനയിച്ച വിനേഷ് ഫോഗട്ടിന്റെ ജീവിത യാത്ര സിനിമയാക്കണമെന്ന ആവശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് 2000 കോടി രൂപ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമായിരുന്നു സ്പോര്‍ട്സ് ബയോപിക് 'ദംഗല്‍'.