- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; 'ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്'; ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി 'എക്കോ'യുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ
കൊച്ചി: ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന ചിത്രത്തിലെ എഐ സഹായത്തോടെ നിർമ്മിച്ച ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് 2.2 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ഈ വീഡിയോ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സ്വന്തമാക്കിയത്. തിയറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രമാണിത്.
"pink_storiez" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചിത്രത്തിൽ ഇല്ലാത്ത ഈ ക്ലൈമാക്സ് രംഗങ്ങൾ പുറത്തുവിട്ടത്. പ്രേക്ഷകർക്ക് ചിന്തിക്കാൻ അവസരം നൽകി വലിയ സ്വീകാര്യത നേടിയ യഥാർത്ഥ ക്ലൈമാക്സിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഈ ഫാൻ വീഡിയോ അവതരിപ്പിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി എത്തിയത്. "ഈ സീനും കൂടി കണ്ടിരുന്നെങ്കിൽ എന്ന് ഉണ്ടായിരുന്നു, ഇപ്പോൾ സമാധാനമായി" എന്നും "ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്" എന്നുമൊക്കെയായിരുന്നു ചില കമന്റുകൾ.
'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം ബാഹുൽ രമേശും ദിൻജിത്ത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'എക്കോ'. ബിയാന മോമിൻ, സൗരഭ് സച്ച്ദേവ, സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എംആർകെ ജയറാം ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് ബാഹുൽ രമേശാണ്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് ഇ എസ് എഡിറ്റിംഗും സജീഷ് താമരശ്ശേരി കലാസംവിധാനവും നിർവഹിച്ചു.




