കൊച്ചി: തിയേറ്ററുകളിൽ ഗംഭീര വിജയം നേടിയ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. സന്ദീപ് പ്രദീപ് നായകനായെത്തിയ ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 50 കോടി രൂപ കളക്ഷൻ നേടിയതായി സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാഹുൽ രമേശ് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ച 'എക്കോ' ഒരു അനിമൽ ട്രിയോളജിയുടെ അവസാന ഭാഗമാണ്.

പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകൾ ഈ ട്രിയോളജിയിൽ ഉൾപ്പെടുന്നുവെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം ഇവയുടെ ആത്മാവുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമ്മിക സംഘർഷങ്ങളുമാണ് ഈ മൂന്ന് കഥകളിലും പൊതുവായി വിഷയമാകുന്നത്. കഥാവഴിയിൽ മൃഗങ്ങൾക്ക് പ്രാധാന്യം നൽകിയ 'കിഷ്കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയൽസ് സീസൺ 2' എന്നിവയ്ക്ക് ശേഷമാണ് ദിൻജിത്ത് അയ്യത്താൻ 'എക്കോ'യുമായി എത്തുന്നത്. വിനീത്, അശോകൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ തുടങ്ങിയ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം, തിരക്കഥയുടെ മേന്മയും ആഖ്യാനരീതിയും ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.

എം. ആർ. കെ. ജയറാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീത സംവിധാനവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സജീഷ് താമരശ്ശേരി കലാസംവിധാനവും ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും റഷീദ് അഹമ്മദ് മേക്കപ്പും സുജിത്ത് സുധാകരൻ വസ്ത്രാലങ്കാരവും നിർവഹിച്ചു. സന്ദീപ് ശശിധരനാണ് പ്രോജക്ട് ഡിസൈനർ. കളർ പ്ലാനറ്റ് സ്റ്റുഡിയോസാണ് ഡിഐ ചെയ്തത്. വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് എന്നിവരാണ് പിആർഒമാർ.