കാന്താര 2 നിര്‍മ്മാതാക്കള്‍ക്ക് പിഴ ചുമത്തി കര്‍ണാടക വനം വകുപ്പ്. വന മേഖലയില്‍ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.

അതേസമയം നേരത്തെ കാന്താര ചാപ്റ്റര്‍ 1 ചിത്രീകരണത്തിനെതിരെ പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കാട് നശിപ്പിക്കുന്നുവെന്നും അത് പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് പരാതി. ചിത്രം 2025 ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്താനിരിക്കെയാണ് ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് കാന്താര ചാപ്റ്റര്‍ 1- ന്റെ ചിത്രീകരണം നടക്കുന്നത്. ഇവിടുത്തെ കാട് സിനിമാപ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോള്‍ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിച്ചത്.