കൊച്ചി: ബോളിവുഡിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഇംതിയാസ് അലി. ഹൈവേ, തമാശ, റോക്‌സ്‌റ്റാർ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇംതിയാസ് അലി ഒരുക്കിയത്. ഇംതിയാസ് അലിയുടെ വരാനിരിക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ ഇംതിയാസ് അലിയുടെ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്. ചിത്രത്തില്‍ ഫഹദിന്‍റെ നായികയെക്കുറിച്ചും സിനിമ എന്ന് ചിത്രീകരണം ആരംഭിക്കും എന്നത് സംബന്ധിച്ചുമാണ് അത്. അനിമല്‍ അടക്കമുള്ള വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തൃപ്തി ദിംറിയായിരിക്കും ചിത്രത്തില്‍ ഫഹദിന്‍റെ നായികയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നത്. സിനിമയുടെ ചിത്രീകരണം 2025 ആദ്യം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

തിരക്കഥയുടെ അവസാനവട്ട മിനുക്ക് പണികളിലാണ് ഇംതിയാസ് അലിയെന്നാണ് റിപ്പോർട്ട്. വിന്‍ഡോ സീറ്റ് ഫിലിംസിന്‍റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും ഈ പ്രോജക്റ്റ് സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ഫഹദിന്‍റെ നായികയായി തൃപ്തി കൂടി എത്തുന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തൃപ്തി ദിംറിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ലൈല മജ്നുവിന്‍റെ സഹരചന ഇംതിയാസ് അലി ആയിരുന്നു. ഒപ്പം ചിത്രം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ഇംതിയാസിന്‍റെ സഹോദരന്‍ സാജിദ് അലി ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം. അതേസമയം ഇംതിയാസ്- ഫഹദ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.