തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്ന നിര്‍മാണക്കമ്പനി വഴിയാണ് തുക നല്‍കിയത്.ഫഹദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപ്പേര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.

വയനാടിനെ പിന്തുണയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളാണ് സമൂഹത്തിന്റെ ഒരോ കോണില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒഴുകിയെത്തുന്നത്.