കൊച്ചി: ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഡിസംബർ 12 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച ഈ ചിത്രം മലയാളി പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ചിരിയും ചിന്തയും ഒരുപോലെ സമ്മാനിച്ച ചിത്രം കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും മികച്ചൊരു സിനിമാനുഭവമാണ് നൽകിയത്.

റിയലിസ്റ്റിക് ശൈലിയിൽ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയുടെ കുടുംബ ജീവിതത്തിലൂടെ സാമൂഹിക പ്രസക്തമായ പല ആശയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒരു പഴയ കിടക്ക ഫാത്തിമയുടെ ജീവിതത്തിൽ വരുത്തുന്ന രസകരമായ മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രസകരമായ സംഭാഷണങ്ങളും മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. IFFK-യിലെ FIPRESCI മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ FFSI കെ ആർ മോഹനൻ അവാർഡ്, ബിഐഎഫ്എഫിലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കുമുള്ള പത്മരാജൻ അവാർഡ് എന്നിവയും ചിത്രം സ്വന്തമാക്കി.

ഷംല ഹംസ ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിക്കുന്നു. കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. താമർ ആണ് ചിത്രം അവതരിപ്പിച്ചത്.