മുംബൈ: വിക്കി കൗശാൽ നായകനായെത്തിയ ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയായ ഛാവ കഴിഞ്ഞ ദിവസമാണ് റിലീസായത്. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടൻ വിക്കി കൗശലിന്റെ വൻ തിരിച്ചുവരവ് കൂടിയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ കുതിരപ്പുറത്തെത്തിയ ഒരു ആരാധകന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാഗ്പുരിലെ ഒരു തീയേറ്ററിലെ സംഭവമാണ് വൈറലാകുന്നത്. ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷത്തിലാണ് ഇയാൾ കുതിരപ്പുറത്തെത്തിയത്.

തിയേറ്റര്‍ സ്‌ക്രീനിന്റെ മുന്നിലായി ഇയാള്‍ കുതിരപ്പുറത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒപ്പമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. സിനിമ കാണാനെത്തിയവരില്‍ ചിലര്‍ ഇതിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഒട്ടുമിക്കവരും ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ കമന്റുകളുമായെത്തി.



തനിക്ക് ഒരു ചിപ്‌സ് പോലും തിയേറ്ററിന്റെ അകത്ത് കൊണ്ടുവരാന്‍ പറ്റുന്നില്ല. അപ്പോഴാണ് ഇയാള്‍ കുതിരയെ കൊണ്ടുവന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. അടുത്ത തവണ സിംഹത്തെ കൊണ്ടുവരൂയെന്ന് മറ്റൊരാള്‍. അതേസമയം ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്.

ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.