കൊച്ചി: ആസിഫ് അലിയെയും അപർണ്ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ 'മിറാഷ്' എന്ന ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

ചിത്രത്തിൽ അമിതമായി ട്വിസ്റ്റുകൾ കടന്നുവരുന്നുവെന്നതാണ് പ്രധാന വിമർശനം. ഒ.ടി.ടി റിലീസ് ആരംഭിച്ചതിന് പിന്നാലെ നിരവധി പേർ ഈ വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായെന്നും ചിലർ എക്സിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും വ്യാപകമായ വിമർശനങ്ങളുണ്ട്. ജീത്തു ജോസഫിന്റെ ഏറ്റവും മോശം ചിത്രമാണ് 'മിറാഷ്' എന്നും, വിഷ്വലുകളുടെയോ എഡിറ്റിങ്ങിന്റെയോ നിലവാരം പ്രതീക്ഷിച്ചത്രയില്ലെന്നും അഭിപ്രായങ്ങളുണ്ട്.

അമിതമായി കടന്നുവരുന്ന ട്വിസ്റ്റുകൾക്ക് ചിത്രത്തിൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും, കഥയ്ക്ക് വേണ്ടിയുള്ള തിരക്കഥയേക്കാൾ ട്വിസ്റ്റുകൾക്ക് പ്രാധാന്യം നൽകി പിന്നീട് അതിനനുസരിച്ചുള്ള തിരക്കഥ തയ്യാറാക്കിയതുപോലെ തോന്നുന്നുവെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. സോണി ലിവിലൂടെയാണ് ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണിത്.

ആസിഫിനും അപർണ്ണ ബാലമുരളിക്കും പുറമെ ഹന്ന റെജി കോശി, ഹക്കിം ഷാ, ദീപക് പറമ്പോൽ, സമ്പത്ത് രാജ്, ശരവണൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇ ഫോർ എക്സ്പിരിമെന്റ്‌സാണ് ചിത്രം നിർമ്മിച്ചത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് വിനായകാണ് കൈകാര്യം ചെയ്തത്.