പ്രശസ്ത തെന്നിന്ത്യൻ നടൻ ജെമിനി ഗണേശന്‍റെ സംസ്കാരച്ചടങ്ങിൽ അദ്ദേഹത്തിന്‍റെ മകളും ബോളിവുഡ് താരവുമായ രേഖയുടെ അഭാവം വർഷങ്ങൾക്കിപ്പുറവും വീണ്ടും ചർച്ചയാവുകയാണ്. കുട്ടിക്കാലത്ത് പിതാവിന്‍റെ സ്നേഹം അറിയാതിരുന്നതും അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലായിരുന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് രേഖ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റേത് അനാഥത്വം നിറഞ്ഞ ബാല്യമായിരുന്നു.

ജെമിനി ഗണേശനും നടി പുഷ്പവല്ലിക്കും ജനിച്ച മകളാണ് രേഖ. ജെമിനി ഗണേശൻ വിവാഹിതനായിരിക്കെ പുഷ്പവല്ലിയുമായുണ്ടായിരുന്ന ബന്ധത്തിൽ പിറന്ന മകളായിരുന്നതിനാൽ രേഖയുടെ ജനനം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. തുടക്കത്തിൽ ഗണേശൻ രേഖയെ മകളായി പരസ്യമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അലമേലുവായിരുന്നു ജെമിനി ഗണേശന്റെ ആദ്യഭാര്യ. പിന്നീട് നടിമാരായ സാവിത്രി, ജൂലിയാന എന്നിവരും ജെമിനി ഗണേശന്‍റെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഭാഗമായിരുന്നു.

തന്‍റെ ജീവിതത്തിൽ അച്ഛന്റെ അഭാവം ഒരിക്കലും അറിഞ്ഞിട്ടില്ലെന്ന് രേഖ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. "തിരിഞ്ഞു നോക്കുമ്പോൾ, ഒരുപക്ഷേ ഞാൻ അദ്ദേഹത്തെ മിസ് ചെയ്തിട്ടുണ്ടാകാം. പക്ഷേ നിങ്ങൾ രുചിച്ചിട്ടില്ലാത്ത ഒന്ന് എങ്ങനെ നിങ്ങൾക്ക് മിസ് ചെയ്യും? അച്ഛൻ എന്ന വാക്കിന്‍റെ അർഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു," എന്ന് രേഖ ഒരിക്കൽ ഓർമ്മിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പതിനാലാം വയസ്സിൽ പഠനം നിർത്തി സിനിമയിലെത്തിയ രേഖ പിന്നീട് ബോളിവുഡിലെ മുൻനിര താരമായി വളർന്നു.

വർഷങ്ങൾക്ക് ശേഷം മാത്രമാണ് ജെമിനി ഗണേശൻ രേഖയെ മകളായി അംഗീകരിച്ചത്. 1990-ൽ മുകേഷ് അഗർവാളുമായുള്ള രേഖയുടെ വിവാഹ ചടങ്ങിൽ ജെമിനി ഗണേശൻ പങ്കെടുത്ത് മകളെ അനുഗ്രഹിച്ചിരുന്നു. രേഖ ബോളിവുഡിലെ താരറാണിയായപ്പോൾ നടിയുടെ പിതാവ് എന്ന നിലയിലാണ് ജെമിനി ഗണേശൻ പിന്നീട് അറിയപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ജെമിനി ഗണേശനുമായുള്ള രേഖയുടെ സങ്കീർണ്ണമായ ബന്ധം, താരത്തിന്റെ വ്യക്തിജീവിതത്തിലെ ആഴത്തിലുള്ള അനുഭവങ്ങളെയും ബാല്യകാലത്തിലെ ഒറ്റപ്പെടലിനെയും അടിവരയിടുന്നു.