ഫുജൈറ: ആസിഫ് അലിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്നലെ യുഎഇയിലെ ഫുജൈറയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ്. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തമർ കെവിയാണ് ചിത്രത്തിന്റെ സംവിധായകൻ. '1001 നുണകൾ' എന്ന ചിത്രത്തിലൂടെയായിരുന്നു തമർ കെ വി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2023ൽ പുറത്തിറങ്ങിയ '1001 നുണകൾ' മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 27-ാമത് ഐഎഫ്എഫ്കെ യിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അജിത് വിനായക നിർമ്മിക്കുന്ന ചിത്രത്തിൽ ക്രിസ്പിൻ ഡൊമിനിക്കാണ് സഹനിർമ്മാതാവ്. ദീപക് പറമ്പോൾ, ഓർഹാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മലയാളി പ്രവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തന്റെ ആദ്യ ചിത്രമായ 1001 നുണകളിലൂടെ വരച്ച് കാണിക്കാൻ സംവിധായകനായിരുന്നു. വരാനിരിക്കുന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത് സംവിധായകൻ കൂടിയായ തമർ കെ വി തന്നെയാണ്. ഗൾഫ് പശ്ചാത്തലത്തിൽ തന്നെയാണ് ആസിഫ് അലി ചിത്രവും ഒരുങ്ങുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം ഒരു ഫീൽ ഗുഡ് ഡ്രാമ കൂടിയാണെന്നാണ് വിവരം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് മനസ്സിലാകുന്നത്.

അതേസമയം, രേഖാചിത്രം, ടിക്കി ടാക്ക, അഭ്യന്തര കുറ്റാവലി, തലവൻ്റെ രണ്ടാം ഭാഗം എന്നിവയുൾപ്പെടെ ഒന്നിലധികം പ്രോജക്ടുകളാണ് ആസിഫ് അലിയ്ക്ക് അണിയറയിൽ ഒരുങ്ങുന്നത്. കനി കുസൃതി, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രത്തിലാണ് ദിവ്യ അവസാനമായി അഭിനയിച്ചത്. നവംബർ 22 ന് ഇന്ത്യയിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ അഭിമാനകരമായ ഗ്രാൻഡ് പ്രിക്സ് നേടിയിരുന്നു.