- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറ്റിന്റെ അവശിഷ്ടങ്ങൾ ജലാശയത്തിന്റെ തീരത്ത് തള്ളി; ടൊവിനോ നായകനാകുന്ന 'പള്ളിച്ചട്ടമ്പി'യുടെ നിർമ്മാതാക്കൾക്ക് പിഴ; നടപടിയെടുത്തത് കുടയത്തൂർ പഞ്ചായത്ത്

കൊച്ചി: പരിസ്ഥിതി ലംഘനത്തിന്റെ പേരിൽ ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് പിഴ. കുടയത്തൂർ പഞ്ചായത്താണ് 50,000 രൂപ പിഴ ചുമത്തിയത്. ഇടുക്കി കുടയത്തൂരിലാണ് സിനിമ ചിത്രീകരണത്തിന്‍റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയത്. പള്ളിച്ചട്ടമ്പി സിനിമക്കായി നിർമിച്ച സെറ്റിന്റെ അവശിഷ്ടങ്ങളാണ് മലങ്കര ജലാശയത്തിന്റെ തീരത്ത് തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
വിവാദത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ സിനിമ ചിത്രീകരണ സംഘം തന്നെ നീക്കം ചെയ്തു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിരുന്നു എന്നും അവരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രശ്നമുണ്ടാക്കിയത് എന്നുമാണ് നിർമാതാക്കളുടെ വിശദീകരണം. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിലും ഒരുങ്ങുന്ന 'പള്ളിച്ചട്ടമ്പി'യിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസാകുന്ന 'പള്ളിച്ചട്ടമ്പി' നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖരും അണിനിരക്കുന്നു.
1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ. കുര്യൻ.
ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ. രാജേഷ് മേനോനാണ് ആർട്ട് ഡയറക്‌ടർ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ- യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി.എസ്., പി.ആർ.ഒ.- അക്ഷയ് പ്രകാശ്.


