ചെന്നൈ: ധനുഷ് നായകനാകുന്ന 'ഇഡ്ലി കടൈ' സിനിമയുടെ സെറ്റില്‍ വന്‍ തീപിടിത്തം. തമിഴ്‌നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ചെറിയ തീപിടിത്തം ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

അതേസമയം തീപിടുത്തമുണ്ടാകുന്നതിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായിരുന്നു എന്നാണ് വിവരം. ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇഡ്ഡലി കടൈയുടെ ചിത്രീകരണത്തിനായി കടകളും വീടുകളും ഉള്ള തെരുവ് സെറ്റ് ഇട്ടിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് പെട്ടെന്നുള്ള തീപിടുത്തം ഉണ്ടായത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ആണ്ടിപ്പട്ടി അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. ലോക്കല്‍ പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

ധനുഷിന്റെ നാലാമത്തെ സംവിധായക സംരംഭമാണ് ഇഡ്ലി കടൈ. നിത്യ മേനോന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അരുണ്‍ വിജയ്, രാജ്കിരണ്‍, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവനേശന്‍ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നാണ് വിവരം.