ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്.

ഈ ഇൻവെസ്റ്റി​ഗേഷൻ ചിത്രത്തിന്റെ ചിത്രീകരണം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി പൂർത്തിയായി. സംവിധായകനായ എം എ നിഷാദിന്റെ പിതാവ് പി എം കുഞ്ഞിമൊയ്തീൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സേവന കാലത്തുണ്ടായ ഒരു കേസിന്റെ കുറിപ്പുകളിൽ നിന്നാണ് നിഷാദ് ഈ സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് എസ്‍പി, ഇടുക്കി എസ്‍പി എന്നീ പദവികളില്‍ ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, അഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.