ചെന്നൈ: ജയില്‍ പുള്ളിയായി തമിഴ് നടനും സംവിധായകനുമായ ആർ.ജെ ബാലാജിയെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. 'സ്വർഗവാസൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സിദ്ധാർത്ഥ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. പാ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു സിദ്ധാർത്ഥ്. പാ രഞ്ജിത്താണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.

ചിത്രത്തിൽ താരം ജയിൽ തടവുകാരനായാണ് എത്തുന്നതെന്നാണ് പോസ്റ്ററിൽ നിന്നും മനസ്സിലാവുന്നത്. ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ 90 കളുടെ അവസാനം നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ചിത്രം ഒരു പ്രിസണ്‍ ബ്രേക്ക് കഥയാണ് പറയുന്നതെന്നാണ് റിപ്പോർട്ട്.

അശ്വിൻ രവിചന്ദ്രൻ, സിദ്ധാർത്ഥ് വിശ്വനാഥ്, തമിഴ് പ്രഭ എന്നിവർ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രിൻസ് ആൻഡേഴ്സൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ഭ്രമയുഗം, ടര്‍ബോ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ക്രിസ്റ്റോ സേവ്യർ സംഗീതസംവിധാനം നിർവ്വഹിക്കുന്നു.

സെൽവ ആർകെയാണ് എഡിറ്റർ. തിങ്ക് സ്റ്റുഡിയോയും, സ്വയ്പ് റൈറ്റ് സ്റ്റുഡിയോയുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ഒടിടി അവകാശം ഇതിനകം നെറ്റ്ഫ്ലിക്സ് വാങ്ങിയതായാണ് വിവരം.