കൊച്ചി: നവാഗതനായ വൈശാഖ് എലൻസ് ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'ഹലോ മമ്മി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാന്റസി കോമഡി ജോണറിലുള്ള ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.

സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്നൊരു പ്രേത്യകത കൂടിയുണ്ട് 'ഹലോ മമ്മി' എന്ന ചിത്രത്തിന്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനാണ് സണ്ണി ഹിന്ദുജ.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.