തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആദരിക്കുന്ന ചടങ്ങ് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനു വേണ്ടി മോഹൻലാലിനെ ആദരിക്കും. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നിരവധി താരങ്ങളും അണിനിരക്കും. മോഹൻലാലിന് ആശംസകൾ നേരാൻ ശോഭന, മീന, ഉർവശി, രഞ്ജിനി, മാളവിക മോഹൻ തുടങ്ങിയ നടിമാരും എത്തിച്ചേരും. ഉദ്ഘാടന ചടങ്ങിൽ തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, അടൂർ ഗോപാലകൃഷ്ണൻ, ജോഷി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം മോഹൻലാലിന്റെ കലാജീവിതത്തെ അനുസ്മരിച്ചുകൊണ്ടുള്ള 'രാഗം മോഹനം' എന്ന കലാസാംസ്കാരിക പരിപാടിയും അരങ്ങേറും. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഈ പരിപാടിയിൽ കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ ആശാൻ മോഹൻലാലിന്റെ നടനത്തെ അനുസ്മരിച്ച് 'തിരനോട്ടം' അവതരിപ്പിക്കും. തുടർന്ന് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത വിരുന്നും ഉണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.