ചെന്നൈ: ഇന്ത്യൻ 2 വിന്റെ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുകയാണ് സംവിധായകൻ ശങ്കർ. ഇത്തവണ തെലുങ്കിലാണ് ഭാഗ്യ പരീക്ഷവുമായി ഹിറ്റ് സംവിധായകൻ എത്തുന്നത്. സൂപ്പര്‍ താരം രാം ചരണാണ് 'ഗെയിം ചേഞ്ചര്‍' എന്ന ശങ്കറിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ നായകൻ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോഷണൽ മെറ്റീരിയലുകൾക്കെല്ലാം വാൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു അപ്ഡേറ്റാണ് പുറത്ത് വരുന്നത്. വമ്പൻ പ്രീ റിലീസ് ബിസിനസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യുഎസില്‍ 23698 ടിക്കറ്റുകളില്‍ 5.65 കോടി രൂപ പ്രീമിയറിന് അഡ്വാൻസായി ലഭിച്ചിരിക്കുകയാണ്. യുഎസ്സില്‍ 1750 ഷോകള്‍ ആണ് ചിത്രത്തിന്റെ പ്രീമിയറായുണ്ടാകുക.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നേരത്തെ വന്ന രണ്ട് ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രതീക്ഷയോടെയാണ് ഗെയിം ചേഞ്ചർ എത്തുന്നത്.

ഐഎഎസ് ഓഫീസറുടെ വേഷമാണ് രാം ചരൺ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന മദൻ കഥാപാത്രമാണ് രാം ചരൺ വെള്ളിത്തിരയിൽ എത്തിക്കുന്നത്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്.

അതേസമയം, നേരത്തെ പുറത്ത് വന്ന ഗെയിം ചേഞ്ചറിന്‍റെ മ്യൂസിക് ബജറ്റ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തിന്‍റെ ആകെ ബജറ്റ് 400 കോടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉള്ളത്. 4 പാട്ടുകളുടെ ചിത്രീകരണത്തിന് മാത്രം ഷങ്കര്‍ ചെലവാക്കിയത് 75 കോടിയാണ്. ഇതില്‍ ഒരു ഗാനത്തില്‍ 600 നര്‍ത്തകരും മറ്റൊരു ഗാനത്തില്‍ 1000 നര്‍ത്തകരുമുണ്ട്. മൂന്നാമത്തെ ഗാനത്തില്‍ റഷ്യയില്‍ നിന്നുള്ള 100 നര്‍ത്തകരും. പ്രഭുദേവ, ഗണേഷ് ആചാര്യ, ജാനി മാസ്റ്റര്‍ എന്നിവരാണ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.