ചെന്നൈ: കോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശങ്കർ. കമൽഹാസൻ നായകനായി പുറത്തിറങ്ങിയ ഇന്ത്യൻ 2 ആണ് ശങ്കർ ഒരുക്കിയ അവസാന ചിത്രം. എന്നാൽ ചിത്രം തീയേറ്ററുകളിൽ പരാജയമായി. എന്നാൽ വരാനിരിക്കുന്ന ചിത്രത്തിലൂടെ വലിയ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഹിറ്റ് സംവിധായകൻ. തെലുങ്കിൽ സൂപ്പര്‍ താരം രാം ചരണ്‍ നായകനാക്കി 'ഗെയിം ചേഞ്ചര്‍' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ശങ്കർ ഇപ്പോൾ.

സിനിമ പോലെ തന്നെ പാട്ടുകളുടെ ചിത്രീകരണവും വലിയ കാന്‍വാസില്‍ നടത്തുന്ന സംവിധായകനാണ് ഷങ്കര്‍. ഇപ്പോഴിതാ ​ഗെയിം ചേഞ്ചറിന്‍റെ മ്യൂസിക് ബജറ്റ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ആകെ ബജറ്റ് 400 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉള്ളത്. 4 പാട്ടുകളുടെ ചിത്രീകരണത്തിന് മാത്രം ഷങ്കര്‍ ചെലവാക്കിയത് 75 കോടിയാണ്. ഇതില്‍ ഒരു ഗാനത്തില്‍ 600 നര്‍ത്തകരും മറ്റൊരു ഗാനത്തില്‍ 1000 നര്‍ത്തകരുമുണ്ട്. മൂന്നാമത്തെ ഗാനത്തില്‍ റഷ്യയില്‍ നിന്നുള്ള 100 നര്‍ത്തകരും. പ്രഭുദേവ, ഗണേഷ് ആചാര്യ, ജാനി മാസ്റ്റര്‍ എന്നിവരാണ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നേരത്തെ വന്ന രണ്ട് ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രതീക്ഷയോടെയാണ് ഗെയിം ചേഞ്ചർ എത്തുന്നത്.

ഐഎഎസ് ഓഫീസറുടെ വേഷമാണ് രാം ചരൺ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന മദൻ കഥാപാത്രമാണ് രാം ചരൺ വെള്ളിത്തിരയിൽ എത്തിക്കുന്നത്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്.