വിജയ് സിനിമകളിലെ വയലന്‍സിനെ വിമര്‍ശിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. വിജയ്യുടെ സിനിമകള്‍ കണ്ടാല്‍ അവിടെ പൊലീസ് ഇല്ലേ എന്ന് തോന്നിപ്പോകും. 20 പേരെയൊക്കെ വെട്ടി വീഴ്ത്തിയ ശേഷം അടുത്ത പാട്ട് സീനില്‍ അഭിനയിക്കുന്നത് കാണാം. ഇതെന്ത് സിനിമയാണ്? കാണുന്നവര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണോ ഇങ്ങനെ എന്നാണ് ഗണേഷ് കുമാര്‍ പ്രമുഖ ടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ ചോദിക്കുന്നത്.

''വിജയ്യുടൊക്കെ സിനിമ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും, അദ്ദേഹം രാഷ്ട്രീയത്തിലൊക്കെ വന്ന ആളല്ലേ, അയാളുടെ സിനിമയില്‍ 18-20 പേരൊക്കെയാണ് വെട്ട് കൊണ്ട് വീഴുന്നത്. പൊലീസ് ഈ നാട്ടില്‍ ഇല്ലയോ എന്ന് നമുക്ക് തോന്നും. പിന്നെ അടുത്ത സീനില്‍ വീണ്ടും 20 പേരെ കൂടി വെട്ടി വീഴ്ത്തുകയാണ്. ഇവരെല്ലാം കഴുത്തൊക്കെ അറ്റാണ് വീഴുന്നത്.''

''അപ്പോള്‍ ആരെങ്കിലും മരിച്ചാല്‍ കേസ് ഒന്നുമില്ലേ? ഈ സിനിമകളില്‍ ഒക്കെ ആളുകളെ ഇങ്ങനെ അടിച്ചു കൊല്ലുന്നുണ്ട്, ചോര തെറിക്കുന്നുണ്ട്, തല അടിച്ചു പൊട്ടിക്കുന്നുണ്ട്, വെട്ടി കൊല്ലുന്നു പക്ഷെ കേസ് ഇല്ല. പൊലീസ് ഇല്ല ആ നാട്ടില്‍. ഇതെന്ത് സിനിമയാണ്? നായകന് എന്തും ചെയ്യാം. നായകന്‍ വരുന്നു, 10-20 പേരെ വെട്ടി വീഴ്ത്തുന്നു, അങ്ങ് പോകുന്നു.''

പിറ്റേ ദിവസം അവര്‍ കാര്‍ ഓടിച്ച് പോകുന്നു, പാട്ട് സീനില്‍ അഭിനയിക്കുന്നു, കണ്ടോണ്ട് ഇരിക്കുന്നത് മണ്ടന്മാരാണ് എന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്? ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നമ്മള്‍ മനുഷ്യന്‍ കാണിക്കുന്നത് എന്തെങ്കിലും കാണിക്ക്'' എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.