ചെന്നൈ: മികച്ച പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രം 'ഗാട്ട ഗുസ്‍തി'യുടെ രണ്ടാം ഭാഗം വരുന്നു. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രഖ്യാപന പ്രൊമോ ടീസർ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിലാണ്. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും അണിനിരക്കുക.

2022-ൽ പുറത്തിറങ്ങിയ 'ഗാട്ട ഗുസ്‍തി'യിൽ മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഒരു ഗുസ്തിക്കാരിയുടെ വേഷത്തിലാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വീര, കീർത്തി എന്നിവർക്ക് പുറമെ അവരുടെ മകൾ ഉൾപ്പെടുന്ന രസകരമായ മുഹൂർത്തങ്ങളാകും രണ്ടാം ഭാഗത്തിലെ പ്രധാന ആകർഷണം.

സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നു. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രത്തിന്റെ നിർമ്മാണം.